കോഴിക്കോട്: ഉത്തര മലബാറിലെ ട്രെയിനുകളിൽ വൈകുന്നേരം അനുഭവപ്പെടുന്ന തിരക്കിനും റെയിൽവേ കണക്റ്റിവിറ്റിയിലെ പോരായ്മകൾക്കും അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഷാഫി പറമ്പില്‍ എംപി നിവേദനം നല്കി. രാത്രി 7.30ന് കോഴിക്കോട് എത്തുന്ന രീതിയിൽ മംഗലാപുരം ഭാഗത്തേക്ക് പുതുതായി മംഗലാപുരം-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് അനുവദിക്കണമെന്ന് മന്ത്രിയോട് അഭ്യർഥിച്ചു.
കോഴിക്കോടിനും കണ്ണൂരിനുമിടയിൽ പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ യാത്രാസൗകര്യം തികച്ചും പരിമിതമാണ്. വൈകുന്നേരം 5.10ന് നേത്രാവതി എക്സ്പ്രസും (റിസർവേഷൻ സൗകര്യം ഉള്ളത്) 6.15-നുള്ള കണ്ണൂർ എക്സ്പ്രസും (റിസർവേഷൻ സൗകര്യം ഇല്ലാത്തത്) പോയിക്കഴിഞ്ഞാൽ, പിന്നീട് രാത്രി 10.25-നുള്ള കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ വരുന്നത് വരെ ഏകദേശം 4-5 മണിക്കൂറോളം മംഗലാപുരം ഭാഗത്തേക്ക് ട്രെയിനുകളില്ലാത്ത അവസ്ഥയാണ്.
കോഴിക്കോട് നിന്ന് മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ സമയക്രമത്തിലെ വലിയ ഇടവേള കാരണം കൊയിലാണ്ടി, വടകര, തലശേരി ഭാഗങ്ങളിലേക്ക് പോകുന്ന പ്രതിദിന യാത്രക്കാർ, വിദ്യാർഥികൾ, വ്യാപാരികൾ, രോഗികൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. നിലവിലുള്ള ട്രെയിനുകളിലെ, പ്രത്യേകിച്ച് പരശുറാം എക്സ്പ്രസിലെ അസഹനീയമായ തിരക്ക് ഇതിന്റെ വ്യാപ്തി വർധിപ്പിക്കുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.